ആണിനും പെണ്ണിനും പരസ്പരം തോന്നുന്ന ലൈംഗികാകര്‍ഷണവും സ്‌നേഹിക്കാനും സ്‌നേഹിക്കപ്പെടാനുമുള്ള ആഗ്രഹവും അതില്‍ അഭിമാനം കൊള്ളാനുുള്ള താത്പര്യവും ഒത്തുചേര്‍ന്നാലത് പ്രേമമായി.
എന്തെങ്കിലും ഒരു പ്രത്യേകത ആളുകള്‍ പരസ്പരം അടുക്കുന്നതിന് നിദാനമാവാറുണ്ട്. കലകളിലും കായികരംഗത്തും മറ്റും പ്രാവീണ്യമുള്ളവര്‍ക്ക് ആരാധകരും അനുരാഗികളും ഏറുന്നു. നേരത്തെ മനസില്‍ സ്ഥാനം പിടിച്ച ചിലരോടുള്ള സാദൃശ്യമാവാം ഒരാളോട് ദര്‍ശന മാത്രയില്‍ ഇഷ്ടം തോന്നുന്നതിനു പിന്നില്‍. ഉദാഹരണമായി സമര്‍ഥനായ അധ്യാപകനോട്, ചികിത്സ ഡോക്ടറോട് ഒക്കെ തോന്നിയ, തോന്നാല്‍ പാടില്ലാത്ത വികാരം സാദൃശ്യമുള്ള മറ്റൊരാളിന്റെ ദര്‍ശന മാത്രയില്‍ അണപൊട്ടിയൊഴുകുന്നു. സ്വന്തം അച്ഛനോട് രൂപസാദൃശ്യമുള്ള കുമാരനെക്കണ്ടു മോഹിതയാവുന്ന പെണ്‍കുട്ടികളും അമ്മയെപ്പോലിരിക്കുന്ന കാമുകിയെ തേടുന്ന ആണ്‍കുട്ടികളും കുറവല്ല. പ്രേമത്തോടൊപ്പം സുരക്ഷിതത്വബോധം കൂടിയാണ് ഇവര്‍ സ്വയം അറിയാതെ തേടുന്നത്. ഒരു വ്യക്തിയെ കാണുമ്പോഴും ബന്ധങ്ങള്‍ ഉടലെടുക്കുമ്പോഴും മനസില്‍ നടക്കുന്ന ചില പ്രതിഭാസങ്ങള്‍ പ്രത്യേക പരിഗണന. അര്‍ഹിക്കുന്നു. ഒന്നാമതായി, ഏറ്റവും പ്രധാനപ്പെട്ടതും മുഴച്ചു നില്‍ക്കുന്നവയുമായ ഗുണങ്ങള്‍ കൂടുതല്‍ ശ്രദ്ധിക്കപ്പെടുന്നു. പ്രധാന ഗുണങ്ങളുമായും പ്രതീക്ഷകളുമായും യോജിക്കാത്ത മറ്റു ഗുണങ്ങള്‍ അവഗണിക്കുകയാണ് അടുത്ത പടി. വിട്ടുപോയ ഭാഗങ്ങള്‍ വ്യക്തി സ്വന്തം ഭാവനയ്ക്കും ആഗ്രഹങ്ങള്‍ക്കും അനുസൃതമായി പൂരിപ്പിക്കുകയും ചെയ്യുന്ന. അതുകൊണ്ടാണ് സുന്ദരിയായ തരുണി സുശീലയാണെന്നും നല്ല വസ്ത്രം. ധരിച്ചയാള്‍ ധനവാനാണെന്നും നല്ല കൈയക്ഷരമുള്ളയാള്‍ സന്മാര്‍ഗിയാണെന്നുമൊക്കെ നമ്മള്‍ അറിയാതെ പ്രത്യാശിക്കുന്നത്. ഫസ്റ്റ് ഇംപ്രഷന്‍ എന്നതിലെ മനഃശാസ്ത്രം ഇതിനോടു സാദൃശ്യമുള്ളതാണ്.
ആണിനും പെണ്ണിനും അടുത്തിപെഴകാനുള്ള സാഹചര്യം പ്രേമം മുളച്ചുപൊന്താന്‍ വളക്കുറുള്ളതാണ്. ഒരു ക്ലാസില്‍ പഠിക്കുന്ന വരും ഒരു ബസില്‍ യാത്ര ചെയ്യുന്ന വരും എന്നു വേണ്ട, ഒരേ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ പേരു രജിസ്റ്റര്‍ ചെയ്തവര്‍വരെ പരസ്പരം വേഗത്തില്‍ പ്രണയാതുരരാവാറുണ്ട്.
ദാമ്പത്യത്തില്‍ പലപ്പോഴും മറ്റുള്ളവരുടെ സഹായങ്ങള്‍ ആവശ്യമായി വന്നേക്കാം. ഉദാഹരണമായി ദമ്പതിമാരുടെ നേരിയ സൗന്ദര്യപ്പിണക്കം പോലും കിടപ്പുമുറി കടന്ന് പുറത്തേക്കു വരുന്നപക്ഷം മുതിര്‍ന്നവര്‍ ഇടപെട്ടു പരിഹരിക്കുന്നു. ഒരാള്‍ തനിക്കിഷ്ടപ്പെട്ട ഇണയെ തെരഞ്ഞെടുത്തു എന്ന ഒറ്റക്കാരണത്താല്‍ സമൂഹത്തില്‍ നിന്ന് ഒറ്റപ്പെടുന്നത് വേദനാകരമാണ്. ഇവിടെ ദമ്പതിമാരുടെ നിശ്ചയദാര്‍ഢൃവും പരസ്പരവിശ്വാസവും പരീക്ഷിക്കപ്പെട്ടേക്കാം. ഈ വിവാഹമാണല്ലോ എനിക്ക് ഈ ഗതി വരുത്തിയത് എന്നൊരാള്‍ ചിന്തിച്ചു തുടങ്ങിയാല്‍പ്പിന്നെ ദാമ്പത്യം നരകം തന്നെ.
പ്രേമവിവാഹങ്ങളില്‍ സംശയം കടന്നുവന്ന് ദാമ്പത്യത്തെ ഉലയ്ക്കുന്നതും സാധാരണമാണ്. പ്രേമിച്ചു നടന്ന കാലത്ത് പരസ്പരം കാട്ടിയ ലൈംഗിക സ്വാതന്ത്ര്യമാണ് സംശയത്തിന് കാരണമായിത്തീരുന്നത്. എന്നോട് ഇത്രയൊക്കെ ചെയ്തയാള്‍ സാഹചര്യം കിട്ടിയാല്‍ ആരോടും ഇങ്ങനെതന്നെയാവും പെരുമാറുക എന്ന ചിന്ത സംശയത്തിലേക്കു നയിക്കും, തീര്‍ച്ച.
അനുരാഗത്തിന്റെ നാളുകളില്‍ ഇണയെ ആകര്‍ഷക്കാനായി ആളുകള്‍ നല്ല വശങ്ങള്‍ പെരുപ്പിച്ചു കാണിക്കാറുണ്ട്. ഇതൊക്കെക്കണ്ട്, ആകൃഷ്ടമാവുന്നവര്‍ യാഥാര്‍ഥ്യത്തിന്റെ വൈകൃതം കണ്ട് അമ്പരക്കുന്നതും സ്വാഭാവികം. നല്ല കാമുകന്‍ എന്നാല്‍, നല്ല ഭര്‍ത്താവ് എന്നല്ല അര്‍ഥം. പ്രേമത്തില്‍ കാല്‍പ്പനികതയ്ക്കാണു സ്ഥാനമെങ്കില്‍ ദാമ്പത്യത്തില്‍ പ്രായോഗികതയ്ക്കാണു മുന്‍തൂക്കം. കാമുകിയുടെ തരളമേനിയെപ്പറ്റി കവതിയെഴുതിയ കാമുകന്‍ വിവാഹത്തിനു ശേഷം ശ്രദ്ധിക്കുന്നത് അവളുടെ ശരീരത്തിലെ താരനും ഞൊണുങ്ങും തന്റെ ദേഹത്തു കൂടി പടരുമോ എന്നായിരിക്കും.
ചിലയാളുകള്‍ പങ്കാളിയെ സ്‌നേഹിക്കുന്നത് ഒരു തരം ഉടമസ്ഥത കാട്ടിയാണ്. ഇതിന്റെ മറ്റൊരു രൂപമാണ് പരിഭവം പറച്ചിലും പിണക്കങ്ങളും രണ്ടും അധികമായാല്‍ വേഗത്തില്‍ മടുത്തുപോവും.
പ്രേമബന്ധങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍ക്കായി ഏതാനും ചോദ്യങ്ങള്‍ ഇതാ.
1. പ്രണയത്തോടൊപ്പം മറ്റു സൗഹൃദങ്ങളും ബന്ധങ്ങളും കാത്തു സൂക്ഷിക്കാന്‍ നിങ്ങള്‍ക്ക് കഴിയുന്നുണ്ടോ?
2. ഈ ബന്ധം നിങ്ങളുടെ വളര്‍ച്ചയ്ക്കും പുരോഗതിക്കും സഹായിച്ചിട്ടുണ്ടോ, അതോ മറിച്ചോ?
3. അസൂയ, സംശയം മുതലായവ നിങ്ങള്‍ക്ക് അന്യോന്യം തോന്നാറുണ്ടോ?
4. പരസ്പരം വഴക്കടിക്കുകയും ഒരാള്‍ തോല്‍ക്കുന്നതിലുടെ പ്രശ്‌നം പരിഹരിക്കുകയും ചെയ്യാറുണ്ടോ?
5. വിവാഹിതരാവാന്‍ കഴിയാതിരുന്നാല്‍ അന്യോന്യം പഴിക്കുമോ? അതോ നല്ല സുഹൃത്തുക്കളായി തുടരാന്‍ കഴിയുമോ?
ഉത്തരങ്ങളില്‍ നിന്നും പ്രണയത്തിന്റെ യാഥാര്‍ഥ സ്വഭാവം നിങ്ങള്‍ക്കു തന്നെ മനസിലാക്കാനാവും. അതനുസരിച്ചു പ്രവര്‍ത്തിക്കാനും.
Mathrubhoomionline.com