Rex Humanoid - ആദ്യ കൃത്രിമ മനുഷ്യന്‍

  • -
പേര് 'റെക്‌സ്'. ആറര അടി ഉയരം, തവിട്ടുനിറമുള്ള കണ്ണുകള്‍.

അവനെ സൃഷ്ടിക്കാന്‍ 18 സര്‍വകലാശാലകളും കമ്പനികളും കൈകോര്‍ത്തു. അവന്റെ ശരീരഭാഗങ്ങള്‍ക്കെല്ലാംകൂടി പത്തുലക്ഷം ഡോളര്‍ (5.3 കോടി രൂപ) ചെലവ് വന്നു.

അവന്റെ രക്തം ഷെഫീല്‍ഡ് സര്‍വകലാശാലയില്‍ കൃത്രിമമായി സൃഷ്ടിച്ചത്. അമേരിക്കയിലെ മസാച്യൂസെറ്റ്‌സ് ഇന്‍സ്റ്റിട്ട്യൂട്ട് ഓഫ് ടെക്‌നോളജി (എം.ഐ.ടി) യില്‍ നിന്നുള്ള കൃത്രമകാലുകളും മുട്ടുകളും. കണ്ണിന്റെ റെറ്റീന രൂപപ്പെടുത്തിയത് ഓക്‌സ്ഫഡ് സര്‍വകലാശാലയില്‍. കൃത്രമ വൃക്കകളും പാന്‍ക്രിയാസും പ്ലീഹയും ലണ്ടന്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്ന്. സ്വാന്‍സീ സര്‍വകലാശാലയില്‍ നിന്നുള്ള കൃത്രിമ ശ്വാസകോശം.

ലണ്ടന്‍ സയന്‍സ് മ്യൂസിയത്തില്‍ കഴിഞ്ഞ ദിവസം പ്രദര്‍ശനത്തിന് വെച്ച 'റെക്‌സ്', കൃത്രിമഭാഗങ്ങളുപയോഗിച്ച് മനുഷ്യനെ സൃഷ്ടിക്കുന്ന പുതിയ യുഗത്തിന്റെ തുടക്കമാണെന്ന് വിലയിരുത്തപ്പെടുന്നു. മേരി ഷെല്ലിയുടെ ഭാവനാസൃഷ്ടിയായ 'ഫ്രാന്‍കെന്‍സ്റ്റൈന്‍' ആധുനിക കാലത്ത് വെറുമൊരു ശാസ്ത്രഭാവനയല്ലെന്ന് 'റെക്‌സ്' തെളിയിക്കുന്നു. ആദ്യ കൃത്രിമ മനുഷ്യന്‍ (bionic man) എന്നാണ് ബ്രിട്ടീഷ്‌സംഘം രൂപംനല്‍കിയ ഈ സൃഷ്ടി വിശേഷിപ്പിക്കപ്പെടുന്നത്.

ശരീരത്തിലെ ഏതാണ്ട് മൂന്നിലൊന്ന് ഭാഗം അവയവങ്ങള്‍ക്കും പകരം കൃത്രിമഭാഗങ്ങള്‍ വെച്ചുപിടിപ്പിച്ചാണ് റെക്‌സിനെ ഗവേഷകര്‍ രൂപപ്പെടുത്തിയത്. വയര്‍ പോലുള്ള ചില സുപ്രധാനഭാഗങ്ങള്‍ ഇനിയും കൃത്രമമായി സൃഷ്ടിക്കപ്പെട്ടിട്ടില്ല എന്ന പ്രശ്‌നം അവശേഷിക്കുന്നു.

ശരീരത്തിലെ ഏത്രമാത്രം ഭാഗങ്ങള്‍ മാറ്റി പകരം കൃത്രിമ അവയവങ്ങള്‍ ഉപയോഗിക്കാമെന്നതിന്റെ ഉത്തരം തങ്ങളെ അത്ഭുതപ്പെടുത്തിയതായി, ഷാഡോയിലെ റോബോട്ടിക്‌സ് ടീമിന്റെ മാനേജിങ് ഡയറക്ടര്‍ റിച്ച് വാക്കര്‍ പറഞ്ഞു. മാര്‍ച്ച് 11 വരെ സയന്‍സ് മ്യൂസിയത്തില്‍ റെക്‌സിനെ പ്രദര്‍ശിപ്പിക്കും. കൃത്രിമ കരങ്ങള്‍ ഉപയോഗിക്കുന്ന സ്വിറ്റ്‌സ്വര്‍ലന്‍ഡ് സ്വദേശി ബെര്‍റ്റോള്‍ട്ട് മെയെറും ഗവേഷണസംഘത്തില്‍ ഉള്‍പ്പെട്ടിരുന്നു. ജനിച്ചപ്പോഴേ ഇടതുകൈ ഇല്ലായിരുന്ന മെയെര്‍ക്ക്, കൃത്രിമ ശരീരഭാഗങ്ങളുടെ പ്രവര്‍ത്തനത്തെപ്പറ്റി പ്രത്യേകം താത്പര്യം എന്നുമുണ്ടായിരുന്നു.

ചെലവിന്റെ അടിസ്ഥാനത്തില്‍ 'മില്യണ്‍ ഡോളര്‍ മാന്‍' എന്ന് വിശേഷിപ്പിക്കപ്പെടുന്ന റെക്‌സിന്റെ മുഖം, ഇടുപ്പ്, മുട്ടുകള്‍, പാദം, കൈകള്‍, റെറ്റിന, കോക്ലിയ, ഹൃദയം എന്നിവയെല്ലാം കൃത്രിമമാണ്. അവയെല്ലാം വാണിജ്യാടിസ്ഥാനത്തില്‍ ഇപ്പോള്‍ വാങ്ങാന്‍ കിട്ടുന്നവയുമാണ്.

പാന്‍ക്രിയാസ്, ശ്വാസകോശങ്ങള്‍ തുടങ്ങിയവ വികസിപ്പിക്കുന്ന ഘട്ടത്തിലുള്ളതാണ്. ഉദരം കൃത്രിമമായി സൃഷ്ടിക്കുന്നതില്‍ ഇപ്പോഴും ഗവേഷകലോകം കാര്യമായി മുന്നേറിയിട്ടില്ല. മനുഷ്യശരീരത്തിലെ ഏറ്റവും സങ്കീര്‍ണ അവയവമായ മസ്തിഷ്‌ക്കം കൃത്രിമമായി സൃഷ്ടിക്കുന്നത് സംബന്ധിച്ച ചോദ്യം പോലും ഉയരുന്നില്ല.

അതുകൊണ്ടു തന്നെ, കൃത്രിമ ബുദ്ധിയുള്ള, പൂര്‍ണമായും കൃത്രിമഭാഗങ്ങളുപയോഗിച്ച് നിര്‍മിച്ച ഒരു മനുഷ്യനെ വരുംതലമുറകള്‍ക്ക് പോലും കാണാന്‍ കഴിയുമെന്ന് പ്രതീക്ഷിക്കുന്നില്ലെന്ന് മെയെര്‍ പറഞ്ഞു. മാത്രമല്ല, ഒട്ടേറെ നൈതികമായ പ്രശ്‌നങ്ങളും ഇക്കാര്യത്തില്‍ പരിഹരിക്കപ്പെടേണ്ടതുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

Author

Written by Admin

Aliquam molestie ligula vitae nunc lobortis dictum varius tellus porttitor. Suspendisse vehicula diam a ligula malesuada a pellentesque turpis facilisis. Vestibulum a urna elit. Nulla bibendum dolor suscipit tortor euismod eu laoreet odio facilisis.