Editor's Choice

  ശ്വസിച്ച് നേടാം ആരോഗ്യം 
നിത്യജീവിതത്തില്‍ വളരെ സ്വാഭാവികമായി നടന്നുപോകുന്ന പ്രക്രിയയാണ് ശ്വസനം. ശരീരത്തിന്റെ എല്ലാ ജൈവ പ്രക്രിയകള്‍ക്കും അതുവഴി ജീവന്‍ നിലനിര്‍ത്താനും ഇത് ആവശ്യമാണ്. ഒരല്പം ശ്രദ്ധിച്ചാല്‍, ബോധപൂര്‍വം പരിശ്രമിച്ചാല്‍ ശരീരത്തിന് ഒട്ടേറെ ഗുണകരമാകുന്ന 'ഔഷധമൂല്യം' ശ്വസനത്തിനുണ്ട്. ബോധപൂര്‍വമല്ലാതെ നടക്കുന്ന ശ്വസനത്തില്‍ നിന്ന് വ്യത്യസ്തമായി കൂടുതല്‍ വായു സാവകാശം വലിച്ചെടുത്ത് ശ്വാസകോശത്തില്‍ നിലനിര്‍ത്തി, ക്രമേണ പുറത്തുവിടുന്ന ശ്വസനരീതി(deep breathing)അനുവര്‍ത്തിക്കുകയാണ് ഇതിനുള്ള മാര്‍ഗം.

വായിക്കുമ്പോഴോ, യാത്രചെയ്യുമ്പോഴോ, സിനിമകാണുമ്പോഴോ ഓഫീസിലെ ചെറിയ ജോലിക്കിടയിലോ ഗാഢശ്വസനം (deep breathing) ചെയ്യാം. ക്യൂവില്‍ നിന്ന് പാഴാക്കിക്കളയുന്ന സമയത്തിന്റെ ചെറിയൊരംശം, ടെലിവിഷന്‍ കാണുന്ന സന്ദര്‍ഭം ഇവയെല്ലാം ഇതിനുപയോഗപ്പെടുത്താം. മലിനവായുവില്ലാത്ത എവിടെയും ഗാഢശ്വസനം ചെയ്യുന്നത് ശരീരത്തിന് കൂടുതല്‍ ആരോഗ്യവും ഊര്‍ജസ്വലതയും നല്കും. ഉത്കണ്ഠ, മാനസിക പിരിമുറുക്കം എന്നിവയുണ്ടാകുമ്പോള്‍ ഗാഢശ്വസനം ഉത്തമമാണ്. ഉയര്‍ന്ന രക്തസമ്മര്‍ദത്തിന് വേഗമില്ലാത്ത ഗാഢശ്വസനം ഔഷധതുല്യമായ ഗുണഫലമുണ്ടാക്കുമെന്ന് പഠനങ്ങളില്‍ കണ്ടെത്തിയിട്ടുണ്ട്.

ഗാഢശ്വസനത്തില്‍ ശരീരത്തില്‍ കൂടുതല്‍ എന്‍ഡോര്‍ഫിന്‍ (Endorphine)സ്രവിപ്പിക്കപ്പെടുന്നത് വേദന സംഹാരിയുടെ ഗുണം ചെയ്യും. പേശികള്‍ക്ക് അയവുണ്ടാക്കി കഴുത്ത്, വയറ്, പുറം എന്നീ ഭാഗങ്ങളിലുണ്ടാകുന്ന വേദന കുറയ്ക്കാനും ശ്വസന വ്യായാമങ്ങള്‍ക്ക് സാധിക്കും. ആസ്ത്മ രോഗികള്‍ക്കും ഉറക്കക്കുറവ് അനുഭവപ്പെടുന്നവര്‍ക്കും ഗാഢശ്വസനം ആശ്വാസമേകുമെന്ന് ഗവേഷകര്‍ കണ്ടെത്തിയിട്ടുണ്ട്.

ഗാഢശ്വസനത്തിന്റെ ഗുണഫലങ്ങള്‍

* കൂടുതല്‍ ഊര്‍ജം നല്കുന്നു
* ശരീരത്തിനും മനസ്സിനുമുണ്ടാകുന്ന ക്ഷീണം അകറ്റുന്നു
* പേശികളുടെ പിടിത്തം കൊണ്ടുണ്ടാകുന്ന നെഞ്ച് വേദനയ്ക്ക് ശമനമേകുന്നു
* ആസ്ത്മ, ബ്രോങ്കൈറ്റിസ് തുടങ്ങിയ ദീര്‍ഘകാല ശ്വസനരോഗങ്ങളുടെ കാഠിന്യം കുറയ്ക്കുന്നു
* മരുന്നുകഴിക്കേണ്ട സന്ദര്‍ഭങ്ങളില്‍ പലതും ഒഴിവാക്കാന്‍ സാധിക്കുന്നു
* ശരീരത്തിലെ മാലിന്യങ്ങള്‍ പുറന്തള്ളുന്ന പ്രക്രിയയ്ക്ക്‌വേഗം കൂട്ടുന്നു
* രക്തചംക്രമണം വര്‍ധിപ്പിക്കുന്നു
* കോശങ്ങളിലേക്കുള്ള ഓക്‌സിജന്റെയും പോഷകങ്ങളുടേയും വിതരണം ത്വരപ്പെടുത്തുന്നു
* തലച്ചോറിന്റെയും കണ്ണുകളുടെയും പ്രവര്‍ത്തനം ഇതുവഴി മെച്ചപ്പെടുന്നു
* ഹൃദയത്തിലേക്ക് കൂടുതല്‍ ഓക്‌സിജന്‍ എത്തിച്ച് പ്രവര്‍ത്തനത്തിനുള്ള ആയാസം ലഘൂകരിക്കുന്നു
* പേശികളിലേക്കും എല്ലുകളിലേക്കുമുള്ള ഓക്‌സിജന്‍ വിതരണം വര്‍ധിപ്പിച്ച് ഈ ശരീരഭാഗങ്ങളുടെ പ്രവര്‍ത്തനം മെച്ചപ്പെടുത്തുന്നു

ഗാഢശ്വസനം, നന്ദര്‍ഭോചിതമായ നാഡികളെ ഉത്തേജിപ്പിക്കുകയോ ശാന്തമാക്കുകയോ ചെയ്യുന്നു. തലച്ചോറിലെ ഹെമിസ്ഫിയറു(hemispheres)കളുടെ തുലനത്തെ സഹായിക്കുന്നു.

ദഹനവ്യവസ്ഥയേയും ശ്വസന വ്യായാമം സഹായിക്കുന്നുണ്ട്. ദഹനേന്ദ്രിയങ്ങള്‍ക്ക് ഒരു 'മസാജി'ന്റെ ഗുണം നല്കുകയും മെച്ചപ്പെട്ട ദഹനം സാധ്യമാക്കുകയും ചെയ്യും. ശരീരത്തിന്റെ പ്രതിരോധ വ്യവസ്ഥ മെച്ചപ്പെടുത്തുകയും വിഷാംശങ്ങള്‍ പുറന്തള്ളുകയും ചെയ്യുന്നതിന് ശരിയായ രീതിയിലുള്ള ശ്വസനം സഹായകമാണ്. ഗാഢശ്വസനം ശീലിക്കുന്നത് ചര്‍മത്തിന്റെ സ്‌നിഗ്ധത വര്‍ധിപ്പിക്കുന്നതായും അകാലത്തിലുണ്ടായേക്കാവുന്ന ചുളിവുകളില്‍ നിന്ന് സംരക്ഷണം നല്കുമെന്നും തെളിഞ്ഞിട്ടുണ്ട്.


ഭൂമിയിലെ സകല ജീവജാലങ്ങളും ശ്വസിച്ചുകൊണ്ടിരിക്കുന്നത് ശുദ്ധവായുവാണ്. അതുകൊണ്ട് അവര്‍ക്ക്  ആരോഗ്യ പ്രശ്നങ്ങള്‍ ഇല്ല. മനുഷ്യന്‍ മാത്രം ഫാനിന്റെയും എ. സിയുടെയും അശുദ്ധ വായു സ്വയം തിരഞ്ഞെടുത്തിരിക്കുന്നു. ഫാന്‍ കറങ്ങുമ്പോള്‍ പൊടിപടലങ്ങള്‍ ഇളകി ശ്വാസ കോശത്തിലേക്ക് പ്രവേശിക്കുന്നു. തന്മൂലം തുമ്മല്‍, മൂക്കടപ്പ്, ശ്വാസതടസം, അലര്‍ജി എന്നിങ്ങനെ പേരുകളിട്ട രോഗങ്ങള്‍ പ്രത്യക്ഷപ്പെടുന്നു. എ. സി പുറത്തു വിടുന്ന സി. എഫ്. സി ( ക്ളോറോ ഫ്ലൂറോ കാര്‍ബണ്‍) യും അതിമാരകമാത്രേ.

ഫാനും എ. സിയും ചെയ്യുന്ന മറ്റൊരപകടം വിയര്‍ക്കാന്‍ അനുവദിക്കുന്നില്ല എന്നതാണ്. ശരീരത്തില്‍ പചന പ്രക്രിയയുടെ ഭാഗമായി രൂപം കൊള്ളുന്ന അസംഖ്യം മാലിന്യങ്ങളും വിഷവസ്തുക്കളും ഉണ്ട്. അവയെ പുറംതള്ളികൊണ്ടിരിക്കുകയാണ് ശരീരം. മലവും മൂത്രവും വിയര്‍പ്പും കഫങ്ങളും കാര്‍ബണ്‍ ഡയോക്സൈഡും  തുടങ്ങി നിരവധി മാലിന്യങ്ങള്‍ പുറത്ത് പോകേണ്ടതുണ്ട്. മലത്തെയും മൂത്രത്തെയും പുറത്ത് പോകാന്‍ അനുവദിക്കുന്ന നാം കഫത്തെയും വിയര്‍പ്പിനെയും പുറത്ത് പോകാന്‍ അനുവദിക്കുന്നില്ല. ജലദോഷവും തുമ്മലും ചുമയും ഉണ്ടാകുമ്പോള്‍ മരുന്ന് കൊണ്ട് അവയെ അടിച്ചമര്‍ത്തി വെക്കുകയാണ് നമ്മുടെ രീതി. വിയര്‍ക്കാന്‍ ശരീരത്തെ അനുവദിക്കാതിരിക്കാന്‍ വേണ്ടി ഫാനും എ. സിയും ഉപയോഗിക്കുകയും ചെയ്യുന്നു.